കുന്നംകുളം: ലോംഗ് ജംപിൽ വിജയക്കുതിപ്പ് തുടരുകയാണ് നാട്ടിക ഫിഷറീസ് സ്കൂളിലെ പ്ലസ് വണ് വിദ്യാർഥി വി.എം. അശ്വതി. റവന്യൂ ജില്ലാ കായികമേളയിൽ 5.38 മീറ്റർ ചാടിയാണ് തുടർച്ചയായ അഞ്ചാം വർഷവും ലോംഗ് ജംപിൽ അശ്വതി സ്വർണം സ്വന്തമാക്കിയത്. സംസ്ഥാനതലത്തിൽ മൂന്ന് വെങ്കല മെഡലുകൾ നേടിയിട്ടുള്ള അശ്വതി കഴിഞ്ഞവർഷം ജില്ലയിൽ ലോംഗ് ജംപ്, ട്രിപ്പിൾ ജംപ്, 100 മീറ്റർ ഹർഡിൽസ് എന്നിവയിലും സ്വർണം നേടിയിരുന്നു.
100 മീറ്റർ ഹർഡിൽസിലും തുടർച്ചയായ സ്വർണനേട്ടമാണു താരത്തിനുള്ളത്. കഴിഞ്ഞ ഇന്റർ ക്ലബ് മീറ്റിൽ സ്വർണവും ജൂനിയർ സ്റ്റേറ്റ് മീറ്റിൽ വെള്ളിയും നേടിയിട്ടുണ്ട്.
വഴക്കുംപാറ സ്വദേശിയും നിലവിൽ നാട്ടികയിൽ താമസിക്കുന്ന ഡ്രൈവർ വി.എസ്. മനോജിന്റെയും രശ്മി മനോജിന്റെയും മകളാണ്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ആൻസി സോജന്റെ ആദ്യകാല പരിശീലകനായിരുന്ന സനോജിന്റെ കീഴിലാണ് അശ്വതി പരിശീലനം നടത്തുന്നത്.
അശ്വതിക്കു പിന്നാലെ സഹോദരി ആരതി മനോജും കായികമേളയിൽ സ്വർണനേട്ടം സ്വന്തമാക്കി. സബ് ജൂനിയർ ഷോട്ട്പുട്ടിൽ തുടർച്ചയായ രണ്ടാം വർഷമാണ് ആരതി മെഡൽ നേടുന്നത്. കഴിഞ്ഞ വർഷം വെങ്കലം നേടിയ ഇനത്തിലാണ് ഇത്തവണ സ്വർണം നേടിയത്. അശ്വതിക്ക് ഇനി 400 മീറ്റർ ഹർഡിൽസിലും ട്രിപ്പിൾ ജംപിലും ആരതിക്ക് ഡിസ്കസ് ത്രോയിലും മെഡൽ ലക്ഷ്യമുണ്ട്.